ഖത്തറിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസ നടപടിക്രമങ്ങൾ പൂർണ്ണമായും പരിഷ്ക്കരിച്ച ഹയ്യ സംവിധാനത്തിലൂടെ ഏകീകരിക്കാൻ തീരുമാനിച്ചു. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായി ഖത്തർ ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ഖത്തറിലേക്കുള്ള എല്ലാ ടൂറിസ്റ്റ്, ബിസിനസ് വിസകളും ലഭിക്കുന്നതിനുള്ള ഏകജാലക സംവിധാനമായി ഹയ്യ സംവിധാനം മാറുന്നതാണ്. 2023 ഏപ്രിൽ 16-ന് രാത്രിയാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി ഹയ്യ സംവിധാനം നവീകരിച്ചതായി ഖത്തർ ടൂറിസം അറിയിച്ചു. ഹയ്യ പോർട്ടൽ https://hayya.qa/ എന്ന വിലാസത്തിൽ ലഭ്യമാണ്.
ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട യാത്രകൾ ഏകോപിപ്പിക്കുന്നതിനായി ഹയ്യ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. ഈ പുതിയ തീരുമാനത്തോടെ ഖത്തറിലേക്കുള്ള ബിസിനസ്, ടൂറിസ്റ്റ് യാത്രികർക്ക് ഹയ്യ സംവിധാനത്തിലൂടെ ഇത്തരം വിസകൾ ലഭ്യമാക്കുന്നതാണ്.
ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ ഹയ്യ പോർട്ടലിലൂടെയോ, ഹയ്യ ആപ്പിലൂടെയോ സമർപ്പിക്കാവുന്നതാണ്. ഈ സംവിധാനത്തിലൂടെ വിസകൾ ലഭിക്കുന്നവർക്ക് ഹമദ് ഇന്റർനാഷനൽ എയർപോർട്ടിലെ ഇ-ഗേറ്റ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
അബു സമ്ര കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഹയ്യ സംവിധാനത്തിലൂടെ പ്രീ-രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്. പ്രവേശന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നു.
Cover Image: Qatar News Agency.