രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾ സന്ദർശക, റസിഡന്റ് വിസകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 3-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഖത്തറിലേക്കുള്ള പ്രവേശനനടപടികൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ഖത്തറിൽ റെസിഡൻസി വിസകളിലുള്ളവർക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ട് വരുന്നതിന് ഇലക്ട്രോണിക് തൊഴിൽ കരാറിൽ നൽകിയിട്ടുള്ള വേതനം, താമസസൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ അടിസ്ഥാനമാക്കുന്നതാണ്.
ആശ്രിത വിസകളിൽ കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ:
- ആൺകുട്ടികളുടെ പരമാവധി അനുവദനീയമായ പ്രായം 25 ആണ്.
- പെൺകുട്ടി വിവാഹിതയായിരിക്കരുത്.
- വിദ്യാഭ്യാസം നിർബന്ധമാക്കിയിട്ടുള്ള പ്രായപരിധിയിൽപ്പെടുന്ന (6-18) കുട്ടികളെ നിർബന്ധമായും വിദ്യാലയങ്ങളിൽ ചേർക്കേണ്ടതാണ്.
- ഇത്തരത്തിൽ ഖത്തറിലെത്തുന്ന കുടുംബാംഗങ്ങൾക്ക് അവർ ഖത്തറിൽ തുടരുന്ന കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് (ഖത്തറിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ സാധുതയുള്ള) നിർബന്ധമാണ്.
- സർക്കാർ, അർദ്ധസർക്കാർ മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് തൊഴിലുടമ നൽകുന്ന കുടുംബങ്ങൾക്ക് യോജ്യമായുള്ള താമസ സൗകര്യം, അല്ലെങ്കിൽ പ്രതിമാസം ചുരുങ്ങിയത് 10000 റിയാൽ വേതനം (ഇവ തൊഴിൽ കരാറിൽ രേഖപ്പെടുത്തിയിരിക്കണം) എന്നിവ നിർബന്ധമാണ്.
- സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ടെക്‌നിക്കൽ, സ്പെഷ്യലൈസ്‌ഡ് (നോൺ-ലേബർ) തൊഴിൽ പദവികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് മാത്രമാണ് റെസിഡൻസി വിസകളിൽ കുടുംബാംഗങ്ങളെ കൊണ്ട് വരുന്നതിന് അനുമതി നൽകിയിരിക്കുന്നത്.
- സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന മേൽപ്പറഞ്ഞ തൊഴിലുകളിലുള്ളവർക്ക് കുടുംബാംഗങ്ങളെ റെസിഡൻസി വിസകളിൽ ഖത്തറിലേക്ക് കൊണ്ട് വരുന്നതിന് ചുരുങ്ങിയത് പതിനായിരം റിയാൽ വേതനം, അല്ലെങ്കിൽ കമ്പനി നൽകുന്ന ഫാമിലി താമസസൗകര്യം, ചുരുങ്ങിയത് ആറായിരം റിയാൽ വേതനം എന്നിവ നിർബന്ധമാണ്.
വിസിറ്റ് വിസകളിൽ കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ:
- ഇത്തരം അപേക്ഷകൾ നൽകുന്ന പ്രവാസികൾ നോൺ-ലേബർ തൊഴിൽ പദവികളിൽ ജോലി ചെയ്യുന്നവരായിരിക്കണം.
- ഇത്തരം അപേക്ഷകൾ നൽകുന്ന പ്രവാസികൾക്ക് തൊഴിലുടമ നൽകുന്നതോ, മറ്റു അനുബന്ധ അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതോ ആയിട്ടുള്ള ഫാമിലി താമസസൗകര്യം ഉണ്ടായിരിക്കണം.
- ഇത്തരം അപേക്ഷകൾ നൽകുന്ന പ്രവാസികൾക്ക് പ്രതിമാസം ചുരുങ്ങിയത് 5000 റിയാൽ വേതനം നിർബന്ധമാണ്.
- ഇത്തരത്തിൽ വിസിറ്റ് വിസകളിൽ ഖത്തറിലെത്തുന്ന കുടുംബാംഗങ്ങൾക്ക് അവർ ഖത്തറിൽ തുടരുന്ന കാലയളവിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
- ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് ഇത്തരത്തിൽ കൊണ്ട് വരുന്നതിന് അനുമതിയുള്ളത്.
കുടുംബാംഗങ്ങളെ ഖത്തറിലേക്ക് കൊണ്ട് വരുന്നതിനുള്ള അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കേണ്ടതാണ്.