ഖത്തർ: സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി QCB

featured GCC News

സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ദേശീയതലത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.

ഡിജിറ്റൽ ആക്രമണങ്ങളും, തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് QCB ഇത്തരം ഒരു പ്രചാരണപരിപാടി നടത്തുന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി തുടങ്ങിയവരുമായി സഹകരിച്ചാണ് QCB ഈ ഇൻഫർമേഷൻ സെക്യൂരിറ്റി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ പൊതുജനങ്ങളോട് QCB നിർദ്ദേശിച്ചിട്ടുണ്ട്:

  • പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെന്ന് പരിചയപ്പെടുത്തിക്കൊണ്ട് വരുന്ന ഫോൺ കാളുകൾ തുടങ്ങിയവയെ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ QCB നിർദ്ദേശിച്ചിട്ടുണ്ട്.
  • സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും ഫോണിലൂടെ പങ്ക് വെക്കരുത്.
  • പരിചയമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ സ്വീകരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • പരിചയമില്ലാത്ത പ്രാദേശിക നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
  • തട്ടിപ്പ് സംശയിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരുമായി ഈ വിവരം പങ്ക് വെക്കേണ്ടതാണ്.
  • ബാങ്ക് കാർഡ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ ഉടൻ തന്നെ ആ കാർഡ് ബ്ലോക്ക് ചെയ്യേണ്ടതാണ്.