ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ ഇളവ് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഇന്ത്യൻ എംബസി

featured GCC News

ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. COVID-19 വാക്സിനിന്റ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർക്ക് ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഇളവ് നൽകുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ഈ ഇളവ് ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഖത്തർ അധികൃതർ സ്ഥിരീകരിച്ചതായാണ് ഏപ്രിൽ 23-ന് പുറത്തിറക്കിയ അറിയിപ്പിലൂടെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പുകൾ കൃത്യമായി പൂർത്തിയാക്കിയവർക്കാണ് ഈ ഇളവ് അനുവദിക്കുന്നത്.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്ത് 14 ദിവസങ്ങൾക്ക് ശേഷമാണ് ഈ ഇളവിന് അർഹത ലഭിക്കുന്നത്. ഇവർ ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഈ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതിന്റെ തെളിവായി വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിനാണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ലഭ്യമാക്കുന്നത്.

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കാൻ തീരുമാനിച്ചതായും ഖത്തറിലെ ഇന്ത്യൻ എംബസി കൂട്ടിച്ചേർത്തു. ഇക്കാര്യം ഏപ്രിൽ 22-ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നാണ് ഇത്തരം COVID-19 പരിശോധനകൾ നടത്തേണ്ടത്.

Photo: @qatarairways