രാജ്യത്തേക്ക് മടങ്ങിയെത്തുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ഗാർഹിക ജീവനക്കാർക്ക് 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
വിദേശരാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശനം അനുവദിക്കുന്നതിനുള്ള ക്യാബിനറ്റ് തീരുമാനം രാജ്യത്തെ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് നടപ്പിലാക്കുന്നതെന്ന് DGCA വ്യക്തമാക്കി. ഇത്തരം ഗാർഹിക ജീവനക്കാർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ വിമാനത്താവളത്തിൽ വെച്ച് COVID-19 പരിശോധനകൾക്കായുള്ള സ്രവം സ്വീകരിക്കുമെന്നും DGCA അറിയിച്ചിട്ടുണ്ട്.
ഇത്തരം ഗാർഹിക ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുള്ള ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനുമായി ബന്ധപ്പെട്ട മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇവരുടെ സ്‌പോൺസർമാർ പൂർത്തിയാക്കേണ്ടതാണ്. വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് DGCA വ്യക്തമാക്കി.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ഗാർഹിക ജീവനക്കാർക്ക് മടങ്ങിയെത്താൻ അനുമതി നൽകിയത്. എന്നാൽ ഗാർഹിക ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമല്ലെന്നും, വാക്സിനെടുക്കാത്ത ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ഡൊമസ്റ്റിക് ലേബർ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌രമാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.