സൗദി അറേബ്യ: ഓഗസ്റ്റ് 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 ഓഗസ്റ്റ് 26, ചൊവാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2025 ഓഗസ്റ്റ് 20-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച മുതൽ ഓഗസ്റ്റ് 26 വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഈ മേഖലയിൽ ഇടിയോട് കൂടിയ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

ജസാൻ, നജ്‌റാൻ, അസിർ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിലും വ്യാഴാഴ്‌ച മുതൽ അടുത്ത ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. മദീന, യാമ്പു, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നീ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത നിലനിൽക്കുന്നുണ്ട്.