സൗദി അറേബ്യ: ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഓഗസ്റ്റ് 31, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 27-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 28 മുതൽ ഓഗസ്റ്റ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.

മക്ക മേഖലയിൽ ഈ കാലയളവിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മദീന, അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ തുടങ്ങിയ മേഖലകളിലും ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുണ്ട്.