രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 21, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഡിസംബർ 18-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني : هطول أمطار رعدية على معظم مناطق المملكة حتى السبت المقبل.#الوقاية_أمان pic.twitter.com/U8h1ixOUrm
— الدفاع المدني السعودي (@SaudiDCD) December 17, 2024
ഈ അറിയിപ്പ് പ്രകാരം, ഡിസംബർ 21 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മക്ക മേഖലയിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടെന്നുളള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
റിയാദ് മേഖലയിൽ ഈ കാലയളവിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, മദീന, നജ്‌റാൻ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മദീന, അൽ ബാഹ, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.