രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 26, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഒക്ടോബർ 22-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഒക്ടോബർ 22 മുതൽ ഒക്ടോബർ 26 വരെ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മക്ക, റിയാദ് മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയുന്നതിനൊപ്പം ശക്തമായ കാറ്റോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈസ്റ്റേൺ പ്രൊവിൻസ്, നജ്റാൻ, അൽ ബാഹ, അസീർ, ജസാൻ, മദീന മേഖലകളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.