രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 13, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 9 മുതൽ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുളളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മക്കയിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, പൊടിക്കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്.
തായിഫ്, അസീർ, ജസാൻ, അൽ ബാഹ മുതലായ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. മദീന, നജ്‌റാൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലാവസ്ഥാ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകൾ, ചതുപ്പ് പ്രദേശങ്ങൾ, താഴ്‌വരകൾ മുതലായ പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫെൻസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.