സൗദി അറേബ്യ: സെപ്റ്റംബർ 3 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 3, ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 30-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനാൽ താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

മക്ക മേഖലയിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക്, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിയാദിലും സാമാന്യം ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.

മദീന, അൽ ബാഹ, അസീർ, ജസാൻ, നജ്‌റാൻ തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴയ്ക്കും, ഹൈൽ, ഖാസിം, ഈസ്റ്റേൺ റീജിയൻ തുടങ്ങിയ ഇടങ്ങളിൽ ചെറുമഴയ്ക്കും സാധ്യതയുണ്ട്.