റാസ് അൽ ഖൈമ: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കി പോലീസ്

featured GCC News

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നിയമനടപടികൾ ശക്തമാക്കിയതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. ലൈസൻസ് പ്ലേറ്റുകൾ ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും പോലീസ് നിയമനടപടികൾ കർശനമാക്കിയിട്ടുണ്ട്.

ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ റാസ് അൽ ഖൈമ പോലീസ് ട്രാഫിക്സ് ആൻഡ് പട്രോൾസ് വിഭാഗം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

അനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ 247 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നിയമനടപടികൾ സ്വീകരിച്ചതായി റാസ് അൽ ഖൈമ പോലീസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ആൻഡ് കണ്ട്രോൾ ഡിപ്പാർട്മെന്റ് തലവൻ മേജർ ഖാലിദ് അൽ ഷംസി വ്യക്തമാക്കി. ഇത്തരം വാഹനങ്ങൾക്ക് 1000 ദിർഹം പിഴ, 12 ട്രാഫിക് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തിയതായും, ഈ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈസൻസ് പ്ലേറ്റ് ഇല്ലാത്ത 42 വാഹനങ്ങൾക്കെതിരെ ഇതേ കാലയളവിൽ നിയമനടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇത്തരം വാഹനങ്ങൾക്ക് 3000 ദിർഹം പിഴ, 23 ട്രാഫിക് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തിയതായും, ഈ വാഹനങ്ങൾ 90 ദിവസത്തേക്ക് പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.