യു എ ഇ: റാഷിദ് റോവർ ഏപ്രിൽ 25-ന് ചന്ദ്രോപരിതലത്തിലിറങ്ങുമെന്ന് MBRSC

featured GCC News

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ലാൻഡർ 2023 ഏപ്രിൽ 25-ന് രാത്രി 8.40-ന് (യു എ ഇ സമയം) ചന്ദ്രോപരിതലത്തിലിറങ്ങുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2023 ഏപ്രിൽ 12-നാണ് MBRSC ഇക്കാര്യം സ്ഥിരീകരിച്ചത്.

ചന്ദ്രോപരിതലത്തിലിറങ്ങുന്നതിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ജാപ്പനീസ് ലാൻഡർ വാഹനമായ ‘HAKUTO-R’ ഏപ്രിൽ 25-ന് വൈകീട്ട് 7:40-ന് അതിന്റെ ഭ്രമണപഥത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന നടപടികൾ കൈക്കൊള്ളുമെന്നും MBRSC അറിയിച്ചു. ചന്ദ്രോപരിതലത്തിലെ അറ്റ്ലസ് ക്രേറ്റർ മേഖലയിൽ ഇറങ്ങുന്നതിനാണ് ലാൻഡർ ലക്ഷ്യമിടുന്നത്.

എന്നാൽ ഈ തീയതിയും സമയവും നിരവധി ബാഹ്യഘടകങ്ങളുമായി ബന്ധപ്പെട്ടാണ് നിശ്ചയിക്കപ്പെടുന്നതെന്നും, ഇവയിൽ മാറ്റം വരുന്ന സാഹചര്യങ്ങളിൽ ഏപ്രിൽ 25 എന്ന ലാൻഡിംഗ് തീയതി, സമയം എന്നിവ മാറാമെന്നും MBRSC വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനായി ഏപ്രിൽ 26, മെയ് 1, മെയ് 3 എന്നീ തീയതികളിലൊന്ന് തിരഞ്ഞെടുക്കുമെന്നും MBRSC കൂട്ടിച്ചേർത്തു.

റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി 2023 മാർച്ച് 21-ന് രാത്രി MBRSC അറിയിച്ചിരുന്നു.

റാഷിദ് റോവർ 2023 ഏപ്രിൽ 25-ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് MBRSC ഡയറക്ടർ ജനറൽ സലേം അൽ മാരി സ്പേസ്ഓപ്സ് 2023-ൽ വെച്ച് വ്യക്തമാക്കിയിരുന്നു.

2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് റാഷിദ് റോവറിനെ വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്.

Cover Image: WAM.