സൗദി അറേബ്യ: റിയാദ് മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നു

featured GCC News

ഒമ്പത് മാസത്തിനിടയിൽ 100 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 2025 ഓഗസ്റ്റ് 26-നാണ് റിയാദ് ട്രാൻസ്‌പോർട് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റിയാദ് മെട്രോയുടെ പ്രവർത്തനം 2024 ഡിസംബർ 1-ന് ആരംഭിച്ചിരുന്നു. ഇത് മുതലുള്ള കണക്കുകൾ പ്രകാരമാണ് ഒമ്പത് മാസത്തിനിടയിൽ 100 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചിട്ടുള്ളത്.

ഈ കാലയളവിൽ റിയാദ് മെട്രോയുടെ ബ്ലൂ ലൈനിൽ ആകെ 46.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായും, റെഡ് ലൈനിൽ ആകെ 17 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായും, ഓറഞ്ച് ലൈനിൽ ആകെ 12 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായും അധികൃതർ വ്യക്തമാക്കി. റിയാദ് മെട്രോയുടെ മറ്റ് മൂന്ന് ലൈനുകളിലുമായി ആകെ 24.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചിട്ടുണ്ട്.