സൗദി അറേബ്യ: റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ നവംബർ 27 മുതൽ ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

featured Saudi Arabia

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ 2024 നവംബർ 27, ബുധനാഴ്ച മുതൽ ഭാഗികമായി ആരംഭിക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ റിപ്പോർട്ടുകൾ പ്രകാരം,ആദ്യ ഘട്ടത്തിൽ നവംബർ 27 മുതൽ റിയാദ് മെട്രോയുടെ മൂന്ന് ലൈനുകളിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ലൈനുകളിലെ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബർ പകുതിയോടെ ആരംഭിക്കുന്നതാണ്.

ആദ്യ ഘട്ടത്തിൽ അൽ ഒറൂബ – ബത്ത, കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് റോഡ്, അബ്ദുൾറഹ്മാൻ ബിൻ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സൻ ബിൻ ഹുസ്സയിൻ സ്ട്രീറ്റ് ഇന്റർസെക്ഷൻ എന്നീ ലൈനുകളാണ് പ്രവർത്തനക്ഷമമാക്കുന്നത്.

റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൗദി ട്രാൻസ്‌പോർട് ആൻഡ് ലോജിസ്റ്റിക്സ് സർവീസസ് മിനിസ്റ്റർ സലേഹ് അൽ ജാസാറിനെ ഉദ്ധരിച്ച് കൊണ്ട് ഏതാനം മാസങ്ങൾക്ക് മുൻപ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒറ്റ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ മെട്രോ പദ്ധതിയായിരിക്കും റിയാദ് മെട്രോ.