റിയാദ് സീസൺ 2022: 15 വ്യത്യസ്ത വിനോദ മേഖലകൾ; കൂടുതൽ ആകർഷണങ്ങൾ

featured GCC News

2022 ഒക്ടോബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പിൽ കൂടുതൽ ആകർഷണങ്ങളും, വിനോദപരിപാടികളും ഉൾപ്പെടുത്തുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. 2022 ഒക്ടോബർ 13-ന് രാത്രിയാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തവണത്തെ റിയാദ് സീസണിൽ 15 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുമെന്നും സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്‌ഖ് വ്യക്തമാക്കി. ഓരോ വിനോദമേഖലയും സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാദ് സീസൺ 2022-ന്റെ ഭാഗമായി 252 ഭക്ഷണപാനീയശാലകൾ, 240 വ്യാപാരശാലകൾ, 8 ഇന്റർനാഷണൽ കലാപ്രദർശനങ്ങൾ, 150-ൽ പരം സംഗീതപരിപാടികൾ എന്നിവ ഉണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു. വിവിധ മേഖലകളിലായി 7 ഇന്റർനാഷണൽ എക്സിബിഷനുകൾ, 2 അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരങ്ങൾ, WWE മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ മുതലായവയും റിയാദ് സീസൺ 2022-ന്റെ ഭാഗമായി അരങ്ങേറുന്നതാണ്.

ബുലവാർഡ് വേൾഡ്, ബുലവാർഡ് റിയാദ് സിറ്റി, വിന്റർ വണ്ടർലാൻഡ്, അൽ മുറാബാ, സ്കൈ റിയാദ്, വയ റിയാദ്, റിയാദ് സൂ, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, അൽ സുവൈദി പാർക്ക്, സൂഖ് അൽ സിൽ, ഖാരിയത് സമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട് എന്നിവയാണ് റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള 15 വ്യത്യസ്ത വിനോദ മേഖലകൾ.

റിയാദ് സീസണിന്റെ മൂന്നാമത് പതിപ്പ് 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി 2022 ഒക്ടോബർ 12-ന് അറിയിച്ചിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി, വിനോദപരിപാടികളും, സർക്കസ് പ്രദർശനങ്ങളും നടത്തുന്ന കനേഡിയൻ കമ്പനിയായ ‘Cirque du Soleil’ അവതരിപ്പിക്കുന്ന പ്രത്യേക കലാപ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

‘റിയാദ് സീസൺ 2021’ 2021 ഒക്ടോബർ 20 മുതൽ 2022 മാർച്ച് 31-വരെയുള്ള കാലയളവിലാണ് നടന്നത്. റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ആകെ പതിനഞ്ച് ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തിരുന്നു.