ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 മെയ് 20-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.
ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ ഇരുവശത്തേക്കും ട്രാഫിക് അടച്ചിടാനുള്ള തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് RTA അറിയിച്ചിരിക്കുന്നത്. ഈ പാലത്തിൽ നടത്തിയിട്ടുള്ള അറ്റകുറ്റപ്പണികളുടെ കാര്യക്ഷമത പരിശോധിച്ചുറപ്പിക്കുന്നതിനായാണ് ഈ തീരുമാനം.
ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് അടച്ചിടുന്ന കാലയളവിൽ അൽ മക്തൂം പാലം, ഇൻഫിനിറ്റി പാലം, അൽ ഗർഹൗദ് പാലം, അൽ മംസാർ എക്സിറ്റ് തുടങ്ങിയ മറ്റു വഴികളിലൂടെ ഗതാഗതം വഴിതിരിച്ച് വിടുന്നതാണ്.
ദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ 2023 ഏപ്രിൽ 17, തിങ്കളാഴ്ച മുതൽ അഞ്ച് ആഴ്ചത്തേക്ക് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കില്ലെന്നാണ് RTA നേരത്തെ അറിയിച്ചിരുന്നത്. ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് അടച്ചിടുന്ന കാലയളവിൽ മറ്റു വഴികളിലൂടെ ഗതാഗതം വഴിതിരിച്ച് വിടുന്നത് സംബന്ധിച്ച വിശദാംശങ്ങൾ RTA ഒരു പ്രത്യേക അറിയിപ്പിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു.
Cover Image: Dubai Media Office.