ഷാർജയിലെ മലിഹ പ്രദേശത്ത് നിന്ന് എ ഡി ഒന്നാം നൂറ്റാണ്ടിലെ ഒരു കലാശില്‍പമാതൃക കണ്ടെത്തിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി വ്യക്തമാക്കി. ഷാർജ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
എ ഡി ഒന്നാം നൂറ്റാണ്ടിലെ റോമൻ സാമ്രാജ്യ കാലഘട്ടത്തിൽ നിന്നുള്ളതാണ് ഈ പ്രതിമയെന്ന് ഷാർജ ആർക്കിയോളജി അതോറിറ്റി അറിയിച്ചു. ഗ്രീക്ക് പുരാണങ്ങളിലെ ഒരു ജീവിയുടെ രൂപത്തിലുള്ള ഈ പ്രതിമ വെങ്കലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
സിംഹത്തിന്റെ ശിരസ്സും, പരുന്തിന്റെ ചിറകുകളും, നഖങ്ങളോട് കൂടിയ വലിയ പക്ഷിയുടെ കാലുമുള്ള ഈ പ്രതിമ മലിഹ ഉൾപ്പടെയുള്ള പ്രദേശങ്ങളും പുരാതന സാമ്രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വാണിജ്യ ബന്ധങ്ങളുടെ അവശേഷിപ്പുകളിലേക്ക് വെളിച്ചം വീശുന്നതായി ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. സബാഹ് അബൗദ് ജാസ്സിം അഭിപ്രായപ്പെട്ടു. ആഗോളതലത്തിലുള്ള പുരാവസ്‌തുശാസ്‌ത്ര സംബന്ധിയായ ഭൂപടത്തിൽ ഈ കണ്ടെത്തൽ ഷാർജയെ അടയാളപ്പെടുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പ്രദേശങ്ങളിൽ നിന്ന് പ്രാചീന സാമ്രാജ്യങ്ങളിലേക്ക് വാണിജ്യപാതകൾ നിലനിന്നിരുന്നതായി വേണം ഈ കണ്ടെത്തലിലൂടെ അനുമാനിക്കാണെന്ന് അദ്ദേഹം അറിയിച്ചു. ഈ പ്രതിമയിലെ രൂപം റോമൻ കാലഘട്ടത്തിലെ വാസ്‌തു വിദ്യ, അലങ്കാരങ്ങൾ, ചുമർചിത്രങ്ങൾ, ഗൃഹോപകരണങ്ങള്‍, ആഭരണങ്ങൾ തുടങ്ങിയവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രപ്പണികളിൽ കാണാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പ്രതിമ, ഇത്തരം മൂന്ന് രൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു ധൂപക്കുറ്റിയുടെ ഭാഗമാണെന്നും, ഇത്തരം മൂന്ന് പ്രതിമകൾ താങ്ങി നിർത്തുന്ന രൂപത്തിലുള്ള ഈ നിർമ്മിതിയുടെ മുകൾഭാഗത്തെ തളിക സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്നതിനായാണ് ഉപയോഗിച്ചിരുന്നതെന്നും ഡോ. സബാഹ് ചൂണ്ടിക്കാട്ടി.