ഒമാൻ: ഹയ്യ കാർഡ് ഉടമകൾക്കുള്ള സൗജന്യ ടൂറിസ്റ്റ് വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ROP

featured GCC News

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട അപേക്ഷാ നടപടികൾ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ഒക്ടോബർ 27-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ളവർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് നേരത്തെ അറിയിച്ചിരുന്നു. ഈ പ്രത്യേക വിസ പദ്ധതി പ്രകാരം, ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനിലേക്ക് 60 ദിവസം വരെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നേടാവുന്നതാണ്.

ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ആരംഭിച്ചതായി ROP വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിസകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഖത്തറിൽ നിന്ന് ഹയ്യ കാർഡ് ലഭിച്ച ശേഷം https://evisa.rop.gov.om/ എന്ന വിലാസത്തിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഇത്തരം അപേക്ഷകൾക്കൊപ്പം വിമാനടിക്കറ്റ്, ഒരു ഫോട്ടോ, പാസ്സ്‌പോർട്ട് കോപ്പി, ഒമാനിൽ താമസസൗകര്യം സ്ഥിരീകരിക്കുന്ന ഹോട്ടൽ റിസർവേഷൻ രേഖകൾ എന്നിവ നൽകേണ്ടതാണ്.

ഹയ്യ കാർഡ് ഉടമകൾക്ക് 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിലാണ് ഈ സേവനം പ്രയോജനപ്പെടുത്താനാകുന്നത്. ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിൽ താമസിച്ച് കൊണ്ട് വിവിധ മത്സരങ്ങൾക്കായി ഖത്തറിലേക്ക് യാത്ര ചെയ്ത് മടങ്ങിയെത്തുന്നതിന് ഈ മൾട്ടി-എൻട്രി വിസ പ്രയോജനകരമാണ്. ഹയ്യ കാർഡ് ഉടമകൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളുമായി ഒമാനിലേക്ക് പ്രവേശിക്കുന്നതിനും, ഒമാനിൽ താമസിക്കുന്നതിനും അനുവാദമുണ്ടായിരിക്കുന്നതാണ്.

ഫുട്ബോൾ ആരാധകർക്ക് താമസ സൗകര്യങ്ങൾ നൽകുന്നതിനായി ഒമാനിൽ ഏതാണ്ട് 20000 ഹോട്ടൽ മുറികളും, 200-ൽ പരം റിസോർട്ടുകളും ഒരുക്കിയിട്ടുണ്ട്. ഒമാനിൽ നിന്ന് ദോഹയിലേക്ക് പ്രതിദിന വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.

ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്കും, യു എ ഇയിലേക്കും പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതികളെക്കുറിച്ച് അതാത് രാജ്യങ്ങൾ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം സൗജന്യ മൾട്ടി-എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2022 ഒക്ടോബർ 16-ന് അറിയിച്ചിരുന്നു.

Cover Image: Oman News Agency.