സലാലയിലും, ദോഫർ ഗവർണറേറ്റിലെ മറ്റു വിനോദസഞ്ചാര മേഖലകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി. മൺസൂൺ മഴക്കാലത്ത് (ഖരീഫ്) ദോഫർ ഗവർണറേറ്റിൽ അനുഭവപ്പെടുന്ന വിനോദസഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്താണ് ROP ഈ നിർദ്ദേശം നൽകിയത്.
2021 ഓഗസ്റ്റ് 9-ന് രാത്രിയാണ് ROP ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. വിനോദസഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് മേഖലയിലുടനീളം പട്രോളിംഗ് ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി.
“വിനോദസഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് ദോഫർ ഗവർണറേറ്റിലെ പോലീസ് വിഭാഗം മേഖലയിലുടനീളം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലും, ഇത്തരം ഇടങ്ങളിലേക്കുള്ള പാതകളിലും ആൾക്കൂട്ടങ്ങളും, ആളുകൾ ഒത്ത്ചേരുന്ന സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.”, ROP ചൂണ്ടിക്കാട്ടി.
COVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓഗസ്റ്റ് 3-ന് അറിയിച്ചിരുന്നു. എല്ലാ ട്രാഫിക് സിഗ്നലുകളിലും നിരീക്ഷണം ശക്തമാക്കുമെന്നും, നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.