ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 20 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 18-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിലുടനീളം ഇത്തരം നാല്പത് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ഡെലിവറി സേവനങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇടങ്ങൾ തിരഞ്ഞെടുത്തതെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു.
ഹെസ്സ സ്ട്രീറ്റ്, അൽ ബർഷ ഹൈറ്റ്സ്, അൽ ബർഷ, അൽ കറാമ, റിഗ്ഗത് അൽ ബുത്തീൻ, ഉം സുഖേയിം, ജുമേയ്റ (അൽ വാസിൽ റോഡ്), ദി ഗ്രീൻസ്, ദുബായ് വേൾഡ് ട്രേഡ് സെന്റർ, അൽ റാഷിദിയ, അൽ സത്വ, നാഥ് അൽ ഹമ്മർ, അൽ നഹ്ദ, ഔദ് മേത, അറേബ്യൻ റാഞ്ചസ്, ഇന്റർനാഷണൽ സിറ്റി, ബിസിനസ് ബേ, ദുബായ് മറീന, അൽ ജദ്ദാഫ്, മിർദിഫ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ദുബായ് മോട്ടോർ സിറ്റി, അൽ ഗർഹോദ് എന്നീ ഇടങ്ങളിലായാണ് ഈ വിശ്രമകേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള എയർ-കണ്ടിഷൻ ചെയ്ത ഇടങ്ങൾ, സ്നാക്ക് വെൻഡിങ് മെഷീനുകൾ, കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയവ ഇത്തരം വിശ്രമകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
പുതിയ ഡെലിവറി ഓർഡറുകൾ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന സമയങ്ങളിലും ഇത്തരം വിശ്രമകേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
Cover Image: Dubai Media Office.