ദുബായ്: ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായുള്ള ബസ്, ടൂറിസ്റ്റ് അബ്ര സർവീസുകൾ പുനരാരംഭിച്ചതായി RTA

featured GCC News

സന്ദർശകർക്കായി ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഒക്ടോബർ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ ആരംഭിച്ച സാഹചര്യത്തിലാണ് സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനായി RTA ഈ ബസ് സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്.

താഴെ പറയുന്ന ബസ് റൂട്ടുകളാണ് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്നത്:

  • റാഷിദിയ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
  • യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103. ഓരോ 40 മിനിറ്റിലും ഒരു സർവീസ്.
  • അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106. ഓരോ 60 മിനിറ്റിലും ഒരു സർവീസ്.

ഗ്ലോബൽ വില്ലേജിനകത്ത് ടൂറിസ്റ്റുകൾക്കായി നടത്തുന്ന ഇലക്ട്രിക്ക് അബ്ര (പരമ്പരാഗത ബോട്ട്) സേവനങ്ങളും RTA പുനരാരംഭിച്ചിട്ടുണ്ട്. രണ്ട് ഇലക്ട്രിക്ക് അബ്രകളാണ് ഈ സേവനങ്ങൾക്കായി RTA ഉപയോഗിക്കുന്നത്.

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16-ന് ആരംഭിച്ചിരുന്നു.