ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചതായി RTA

GCC News

ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചു. 2024 നവംബർ 4-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായിലെ ഇബ്ൻ ബത്തൂത്ത സെന്റർ മുതൽ അബുദാബിയിലെ അൽ വഹ്ദ വരെ യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലാണ് ഈ ഷെയർ ടാക്സി സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് യാത്രികർക്ക് തങ്ങളുടെ ടാക്സിക്കൂലി മറ്റു യാത്രികരുമായി പങ്ക് വെച്ച് കൊണ്ട് (പരമാവധി നാല് യാത്രികർ വരെ) യാത്ര ചെയ്യാനാകുന്നതാണ്.

ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ഒരു സാധാരണ ടാക്സി സർവീസിനേക്കാൾ 75 ശതമാനം വരെ ചെലവ് കുറഞ്ഞതാണ് ഈ പുതിയ ഈ ഷെയർ ടാക്സി സേവനങ്ങളെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഷെയർ ടാക്സി സർവീസിന്റെ നിരക്ക് താഴെ പറയുന്ന പ്രകാരമാണ്.

  • നാല് യാത്രികർ ഷെയർ ടാക്സി ഉപയോഗിക്കുന്ന സാഹചര്യത്തിൽ – ഒരാൾക്ക് 66 ദിർഹം.
  • മൂന്ന് യാത്രികർ ഷെയർ ടാക്സി ഉപയോഗിക്കുന്ന സാഹചര്യത്തിൽ – ഒരാൾക്ക് 88 ദിർഹം.
  • രണ്ട് യാത്രികർ ഷെയർ ടാക്സി ഉപയോഗിക്കുന്ന സാഹചര്യത്തിൽ – ഒരാൾക്ക് 132 ദിർഹം.

യാത്രികർക്ക് ഈ യാത്രാ നിരക്ക് ബാങ്ക് കാർഡുകൾ ഉപയോഗിച്ചോ, നോൾ കാർഡുകൾ ഉപയോഗിച്ചോ നൽകാവുന്നതാണ്.

നിലവിൽ ആറ് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതിന് ശേഷം ഈ സേവനം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.