ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

UAE

ദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലുള്ള മൂന്ന് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഷാർജ റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ഈ സർവീസുകൾ നടപ്പിലാക്കുന്നത്.

ഇതിൽ രണ്ട് റൂട്ടുകളിലെ സർവീസുകൾ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിച്ചിട്ടുണ്ട്. മൂന്നാമത്തെ റൂട്ടിലെ സർവീസ് 2 ആഴ്ച്ചയ്ക്ക് ശേഷമാണ് ആരംഭിക്കുന്നതെന്നും RTA അറിയിച്ചിട്ടുണ്ട്.

സർവീസുകൾ പുനരാരംഭിക്കുന്ന ദുബായ് – ഷാർജ റൂട്ടിലെ ബസുകൾ:

  • E303 – ദുബായ് യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് – സെപ്റ്റംബർ 27 മുതൽ
  • E307A – ദുബായ് അബു ഹൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് – സെപ്റ്റംബർ 27 മുതൽ
  • E315 – ദുബായ് എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് മുവൈല ബസ് സ്റ്റേഷനിലേക്ക് – 2 ആഴ്ച്ചയ്ക്ക് ശേഷം ആരംഭിക്കുന്നതാണ്.

ദുബായ് – ഷാർജ എമിറേറ്റുകളിലെ പൊതു ഗതാഗത സംവിധാനങ്ങളെ തമ്മിലിണക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മൂന്ന് റൂട്ടുകളിലാണ് ഇപ്പോൾ സർവീസുകൾ പുനരാരംഭിക്കുന്നത്. ഇന്റർസിറ്റി ബസ് സർവീസുകൾ ഉപയോഗിക്കുന്ന യാത്രികരോട് സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ RTA ആവശ്യപ്പെട്ടിട്ടുണ്ട്.