വിസ് എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ക്യാപിറ്റൽ എക്സ്പ്രസ്സ് ഫോർ റാപിഡ് ഇന്റർസിറ്റിയുമായി ഇതിനായുള്ള കരാറിൽ RTA ഒപ്പ് വെച്ചിട്ടുണ്ട്.
അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലെ 1, 2, 3 ടെർമിനലുകളിലെ യാത്രികർക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്. വിസ് എയർ യാത്രികർക്ക് മാത്രമായുള്ള ഈ പ്രത്യേക ബസുകൾ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിനെയും ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനെയും ഒരു എക്സ്പ്രസ് ബസ് റൂട്ട് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു.

ഈ ബസ് ഉപയോഗിക്കുന്നതിനുള്ള തുക വിസ് എയർ ടിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രികരുടെ ലഗേജ് വഹിക്കുന്നതിനുള്ള സൗകര്യം ഇത്തരം ബസുകളിൽ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.