2027-ഓടെ ദുബായിലെ മുഴുവൻ ടാക്സി സർവീസുകളും പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി കമ്പനികളുടെ ടാക്സികൾ എന്നിവ ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.
ദുബായിലെ ടാക്സി സേവനങ്ങൾ പൂർണ്ണമായും ഹൈബ്രിഡ്, ഇലക്ട്രിക്ക് അല്ലെങ്കിൽ ഹൈഡ്രജൻ പവർ ഉപയോഗിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംബന്ധമായി സുസ്ഥിരതയിൽ ഊന്നിയുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി, ഗ്രീൻ ഇക്കോണമി ഡ്രൈവ്, ദുബായ് സർക്കാർ എന്നിവരുടെ നയങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത, ഊർജ്ജ സംരക്ഷണം എന്നിവ സംബന്ധിച്ച് ദുബായ് ഭരണാധികാരി മുന്നോട്ട് വെക്കുന്ന ദർശനങ്ങളെ സാധൂകരിക്കുന്നതാണ് ഈ തീരുമാനമെന്ന് RTA ചെയർമാൻ H.E. മതർ അൽ തയർ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, നിര്‍മ്മലമായ പരിസ്ഥിതി ഉറപ്പ് വരുത്തുന്നതിനും ദുബായ് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഈ തീരുമാനം പിന്തുണ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലെ ഏതാണ്ട് 72 ശതമാനത്തോളം ടാക്‌സികൾ നിലവിൽ പരിസ്ഥിതി സൗഹൃദമായ വാഹനങ്ങളിലേക്ക് മാറ്റുന്നതിന് RTA-യ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ 8221 ഹൈബ്രിഡ് വാഹനങ്ങളാണ് ദുബായിൽ ടാക്സി സേവനങ്ങൾക്ക് ഉപയോഗിക്കുന്നത്.
2023 മുതൽ 2027 വരെയുള്ള അഞ്ച് വർഷത്തെ കാലാവധിയിൽ ദുബായിലെ മുഴുവൻ ടാക്സി വാഹനങ്ങളും പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നവയാക്കി മാറ്റുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ പൊതുഗതാഗത മേഖലയെ 2050-ഓടെ പൂർണ്ണമായും മാലിന്യ ബഹിര്‍ഗമനം ഒഴിവാക്കുന്ന രീതിയിലേക്ക് മാറ്റുന്നത് ലക്ഷ്യമിടുന്ന RTA-യുടെ നയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.