എമിറേറ്റിലെ പൊതു ഗതാഗതത്തിനുള്ള ബസുകളിൽ യാത്രികർ തമ്മിലുള്ള സമൂഹ അകലം നിരീക്ഷിക്കുന്നതിനും, ഇതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഡിജിറ്റൽ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനോടൊപ്പം, ഇവ കൃത്യമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിനും ഈ സംവിധാനം RTA-യ്ക്ക് സഹായം നൽകുന്നു.
COVID-19 വൈറസ് വ്യാപനം തടയുന്നതിനായി RTA നടപ്പിലാക്കുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള നയത്തിന്റെ ഭാഗമാണ് ഈ പുതിയ സംവിധാനം.
RTA-യുടെ കണ്ട്രോൾ സെന്ററുകളുമായി നേരിട്ട് ബന്ധപെടുത്തിയിട്ടുള്ള ഈ സാങ്കേതിക വിദ്യയിലൂടെ, വാഹനങ്ങളിലെ യാത്രികരുമായി ബന്ധപ്പെട്ടുള്ള സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകൾ കണ്ടെത്തുന്ന ഉടൻ തന്നെ, അധികൃതർക്ക് നടപടികൾ എടുക്കുന്നതിനു സാധിക്കുന്നതാണ്. വീഴ്ചകൾ കണ്ടെത്തുന്ന ബസുകളുടെ റൂട്ട് നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ, തീയതി, സമയം, ഡ്രൈവറുടെ വിവരങ്ങൾ മുതലായവയെല്ലാം ഉടൻ തന്നെ ഈ സംവിധാനം കണ്ട്രോൾ സെന്ററിലേക്ക് കൈമാറുന്നു.