യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ

UAE

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു. യു എ ഇയിലെ COVID-19 പ്രതിരോധ ശ്രമങ്ങൾക്കും, വാക്സിനേഷൻ നടപടികൾക്കും പിന്തുണ നൽകുന്നതിനായാണ് യൂബർ ഇത്തരം ഒരു ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബിയിലെയും, ദുബായിലെയും പൊതു വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കോ, തിരികെയോ ഉള്ള പരമാവധി അറുപത് ദിർഹം വരെ വാടകയിനത്തിൽ വരുന്ന രണ്ട് യൂബർ യാത്രകളാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ജൂൺ 22 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ സൗജന്യ യാത്രകൾ അനുവദിക്കുന്നത്. എല്ലാ പ്രായവിഭാഗങ്ങളിൽ പെടുന്നവർക്കും, എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. യൂബറിൽ നിന്ന് ഈ പദ്ധതി സംബന്ധിച്ച് ലഭിക്കുന്ന SMS അല്ലെങ്കിൽ ഇമെയിൽ വിലാസത്തിലെ ലിങ്ക് ഉപയോഗിച്ച് കൊണ്ട് ഈ ആനുകൂല്യം നേടാവുന്നതാണ്.