ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി. 2023 മാർച്ച് 10-ന് ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനും, ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തിനിടയിൽ എംബസികൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും ഈ ചർച്ചയിൽ ധാരണയായതായി മൂന്ന് രാജ്യങ്ങളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2023 മാർച്ച് 6 മുതൽ 10 വരെയുള്ള കാലയളവിൽ ബെയ്‌ജിങ്ങിൽ വെച്ചാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള മധ്യസ്ഥ ചർച്ചകൾക്ക് ചൈന നേതൃത്വം നൽകാമെന്ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിങ്‌പിങ് സൗദി അറേബ്യയുടെയും, ഇറാന്റെയും നേതാക്കളെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടന്നത്.
സൗദി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ഡോ. മുസാദ് അൽ ഐബാൻ, ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അഡ്മിറൽ അലി ഷാംഖാനി എന്നിരുടെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ചർച്ചകൾ നടത്തിയത്. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനായി ചൈന നടത്തിയ മധ്യസ്ഥശ്രമങ്ങൾക്ക് മുസാദ് അൽ ഐബാൻ സൗദി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുള്ള നന്ദി അറിയിച്ചു. ഈ നീക്കം അയൽരാജ്യങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നതിനുള്ള സൗദി നയങ്ങൾക്ക് അടിവരയിടുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപ്പെടില്ലെന്നും ഉള്ള ഉറപ്പ് ഈ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ധാരണപ്രകാരമുള്ള വിഷയങ്ങൾ നടപ്പിലാക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുമെന്നും, അംബാസഡർമാരെ പുനർനിയമിക്കുമെന്നും, ഉഭയകക്ഷിബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സൗദി അറേബ്യയും, ഇറാനും ഈ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.