രാജ്യത്തെ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള ഇൻഷുറൻസ് പദ്ധതി 2024 ഒക്ടോബർ 6, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ്, ഇൻഷുറൻസ് അതോറിറ്റി എന്നിവർ ചേർന്നാണ് ‘ഇൻഷുറൻസ് പ്രോഡക്റ്റ്’ എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്.
സ്ഥാപനങ്ങളുടെ വീഴ്ച മൂലം വേതനം മുടങ്ങുന്ന സാഹചര്യത്തിൽ പ്രവാസി തൊഴിലാളികൾക്ക് അനുഭവപ്പെടുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നത് ഉൾപ്പടെയുള്ള ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. തൊഴിലുടമ വേതനം നൽകുന്നത് മുടക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ കുടിശിഖ തുകകൾ അടച്ച് തീർക്കുന്നതിനുള്ള പിന്തുണ നൽകുന്നതാണ് ഈ പദ്ധതി.
പ്രവാസി തൊഴിലാളി സൗദി അറേബ്യയിൽ നിന്ന് എന്നേക്കുമായി മടങ്ങുന്ന സാഹചര്യത്തിൽ ഇവർക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ഉറപ്പാക്കുന്നത് ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്നതാണ്.