സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി ഹജ്ജ് മന്ത്രാലയം

featured GCC News

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 16-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വിദേശ ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ അറുപത്തിമൂന്ന് ശതമാനം കുറവ് വരുത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ 235 റിയാൽ ഉണ്ടായിരുന്ന ഈ ഇൻഷുറൻസ് തുക ഇപ്പോൾ 87 റിയാലാക്കി കുറച്ചിട്ടുണ്ട്.

2023 ജനുവരി 10 മുതൽ ഈ പുതുക്കിയ ഇൻഷുറൻസ് തുക പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശ ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ സമഗ്ര ഇൻഷുറൻസ് അവരുടെ വിസ നടപടികളിൽ ഉൾപ്പെടുന്നതാണ്.

തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ വെച്ച് ഉണ്ടാകാനിടയുള്ള ചികത്സ, ഹോസ്പിറ്റൽ വാസം, ട്രാഫിക് ആക്സിഡന്റ് എന്നിവ ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് ഈ ഇൻഷുറൻസ്.