2024 ഓഗസ്റ്റ് 9, വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാലാവസ്ഥ രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നും, ശക്തമായ മഴ, കാറ്റ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി സിവിൽ ഡിഫെൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 5-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 9 വരെ ശക്തമായ മഴ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
മക്ക മേഖലയിൽ ഈ കാലയളവിൽ അതിശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. കാറ്റ് മൂലം ഈ മേഖലയിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ പൊടിക്കാറ്റ് സമീപത്തുള്ള വിവിധ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, ബാഹ, ജസാൻ, മദീന, നജ്റാൻ, റിയാദ് തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
പെട്ടന്നുള്ള വെള്ളപ്പൊക്കം, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവ ഈ കാലയളവിൽ സന്ദർശിക്കരുതെന്ന് സിവിൽ ഡിഫെൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ജലാശയങ്ങൾ, വെള്ളക്കെട്ട് തുടങ്ങിയവയിൽ ഒരുകാരണവശാലും നീന്താൻ ഇറങ്ങരുതെന്ന് സിവിൽ ഡിഫെൻസ് കൂട്ടിച്ചേർത്തു.
Cover Image: Saudi Civil Defense.