രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് വിസ, റീ-എൻട്രി വിസ, വിസിറ്റ് വിസ മുതലായവയുടെ കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്.
ജൂലൈ 8-ന് വൈകീട്ടാണ് ജവാസത്ത് ഇത് സംബന്ധമായ അറിയിപ്പ് നൽകിയത്. രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 ജൂൺ 2 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു.
ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പാസ്സ്പോർട്ട് വകുപ്പുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.