2022 ജൂൺ 13 മുതൽ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 12-ന് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂൺ 13, തിങ്കളാഴ്ച മുതൽ ജൂൺ 16, വ്യാഴാഴ്ച വരെ സൗദിയുടെ 4 മേഖലകളിൽ പൊടിയോട് കൂടിയ കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനുള്ള സാധ്യത അറിയിച്ചിരിക്കുന്നത്.
മക്ക, മദീന എന്നിവിടങ്ങളിലെ തീരദേശമേഖലകളായ യാമ്പു, റാബിഗ്, ജിദ്ദ, അൽ ലിത്, അൽ ഖുൻഫുദഹ് മുതലായ ഇടങ്ങളിലെ ഹൈവേകളിൽ ശക്തമായ കാറ്റിനെത്തുടർന്ന് പൊടി ഉയരുന്നതിനും, കാഴ്ച്ച മറയുന്നതിനും സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, ജസാൻ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ബുധനാഴ്ച മുതൽ ഈ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.