രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ 2021 മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി മെയ് 17 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കുമെന്നും, രാജ്യത്തെ വിമാനത്താവളങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും GACA അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച അറിയിപ്പ് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും GACA നൽകിയതായാണ് സൂചന. ഈ അറിയിപ്പ് പ്രകാരം മെയ് 17-ന് 1:00 AM മുതൽ രാജ്യത്തെ എയർപോർട്ടുകൾ തുറക്കുമെന്നും, അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിക്കുമെന്നുമാണ് GACA വ്യക്തമാക്കിയിട്ടുള്ളത്.
ജനുവരിയിൽ പുറത്തിറക്കിയ ഒരു വിജ്ഞാപന പ്രകാരം മാർച്ച് 31 മുതൽ ഈ സേവനങ്ങൾ പുനരാരംഭിക്കുമെന്നാണ് GACA സൂചിപ്പിച്ചിരുന്നത്. എന്നാൽ രാജ്യത്തിന്റെ മുഴുവൻ അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം മെയ് 17 വരെ നീട്ടിവെക്കാൻ അധികൃതർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള അറിയിപ്പ് പ്രകാരം വ്യോമയാന യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിമാനകമ്പനികളോട് GACA നിർദ്ദേശിച്ചിട്ടുണ്ട്.