രാജ്യത്ത് പ്രവർത്തനകേന്ദ്രങ്ങളില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് 2024-ഓടെ നിർത്തലാക്കുമെന്ന് സൗദി അറേബ്യ

featured GCC News

രാജ്യത്തെ സർക്കാർ മേഖലയുമായി ചേർന്ന് നിക്ഷേപം നടത്തുന്നതിനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങൾ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജടാൻ വ്യക്തമാക്കി. 2024-ഓടെ, സൗദിയിൽ പ്രാദേശിക ആസ്ഥാനങ്ങളില്ലാത്ത വിദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾ നൽകുന്നത് നിർത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയ്‌റ്റേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2024 മുതൽ വിദേശ സ്ഥാപനങ്ങൾക്ക് സർക്കാർ തലത്തിലുള്ള കരാറുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതിനാണ് സൗദി അറേബ്യ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 2024 മുതൽ സൗദിയിൽ ആസ്ഥാനമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും, നിക്ഷേപകർക്കും മാത്രമായിരിക്കും സർക്കാർ മേഖലയിലെ കരാറുകൾ അനുവദിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിദേശകമ്പനികൾ സൗദിയിൽ സ്ഥിരമായുള്ള പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ നയം, പ്രാദേശിക തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു.

എന്നാൽ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങളില്ലാത്ത വിദേശ സ്ഥാപനങ്ങൾക്ക് സൗദിയിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നതിന് തടസ്സങ്ങളുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 മുതൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പൊതു മേഖലയിലെ നിക്ഷേപങ്ങളും, പ്രവർത്തനങ്ങളുമായി മാത്രം ബന്ധപ്പെട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതാനം ചില മേഖലകളിൽ ഈ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച സമഗ്രമായ വ്യവസ്ഥകൾ 2021 അവസാനിക്കുന്നതിന് മുൻപ് സർക്കാർ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.