സൗദി അറേബ്യ: അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തും

featured GCC News

റോഡുകളിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 9-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അമിതവേഗതയിൽ മറ്റു വാഹനങ്ങൾക്കിടയിലൂടെ വരി വെട്ടിത്തിരിച്ച് കൊണ്ട് വാഹനമോടിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ട്രാഫിക് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി ഭയപ്പെടുത്തുന്ന രീതിയിൽ വാഹനമോടിക്കുക, ട്രാഫിക്കിനിടയിലൂടെ ഊളിയിടുന്ന രീതിയിൽ വാഹനമോടിക്കുക, മുൻപിൽ പോകുന്ന വാഹനത്തിന് തൊട്ടുപിന്നിലായി വാഹനം ഓടിക്കുക, റോഡിന് വശങ്ങളിലൂടെ ഓവർടേക്ക് ചെയ്യുക തുടങ്ങിയ ശീലങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതിനും പെട്ടന്നുള്ള അപകടങ്ങൾക്കും കാരണമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയ്ക്ക് പുറമെ എട്ട് ബ്ലാക്ക് പോയിന്റ്, ലൈസൻസ് റദ്ദ് ചെയ്യൽ, മൂന്ന് മാസം വരെ തടവ് തുടങ്ങിയ ശിക്ഷകൾ ലഭിക്കാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.