സൗദി അറേബ്യ: ലൈസൻസ് കൂടാതെ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ പൊതു ഇടങ്ങളിൽ യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി ഒരു പുതിയ നിയമം പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിയമ പ്രകാരം വ്യക്തികൾ സാധുതയുള്ള ലൈസൻസ് കൂടാതെ സൗദി അറേബ്യയിലെ പൊതു ഇടങ്ങളിൽ യാത്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ഇത് മറികടക്കുന്നവർക്ക് കനത്ത പിഴയും മറ്റു നിയമനടപടികളും നേരിടേണ്ടി വരുന്നതാണ്. പൊതു ഇടങ്ങളിൽ ലൈസൻസ് ഇല്ലാത്ത വ്യക്തികൾ യാത്രാ സേവനങ്ങൾ നൽകുന്നതും, ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും, യാത്രികരെ വാഹനങ്ങളിലേക്ക് വിളിച്ച് കയറ്റുന്നതും, യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് യാത്രികരെ ബുദ്ധിമുട്ടിക്കുന്നതും, അവരെ പിന്തുടരുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ഈ നിയമത്തിന് കീഴിൽ വരുന്നതാണ്.

ഇത്തരം പ്രവർത്തികൾക്ക് 11000 സൗദി റിയാൽ പിഴ ചുമത്തുന്നതും, ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ 25 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതുമാണ്. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് 20000 റിയാൽ വരെ പിഴ ചുമത്തുന്നതും, വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതുമാണ്.

ഇത്തരം നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന വിദേശികളെ നാട് കടത്തുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.