ഷാർജ: ട്രാഫിക് പിഴുതുകകളിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured GCC News

ട്രാഫിക് പിഴുതുകകളിൽ 35 ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പദ്ധതി സംബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2025 ജൂലൈ 8-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത് സംബന്ധിച്ച തീരുമാനത്തിന് 2025 ജൂലൈ 8, ചൊവാഴ്ച ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സലേം അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം, ഷാർജയിൽ ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ടിട്ടുള്ള പിഴതുകകൾ നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിനകം അടച്ച് തീർക്കുന്നവർക്ക് 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിനകം (രണ്ട് മാസം) പിഴതുകകൾ അടച്ച് തീർക്കുന്നവർക്ക് 35 ശതമാനം ഇളവും, രണ്ട് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ പിഴതുകകൾ അടച്ച് തീർക്കുന്നവർക്ക് 25 ശതമാനം ഇളവും അനുവദിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ ഇളവ് പിഴതുകകൾ, വാഹനം പിടിച്ചെടുക്കപ്പെടുന്ന കാലാവധി, പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ്, പിഴ വൈകുന്നതുമായി ബന്ധപ്പെട്ട അധിക പിഴതുകകൾ എന്നിവയ്ക്ക് ബാധകമാണ്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെയുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമാക്കിയിട്ടുണ്ട്.