ഷാർജ: ട്രാഫിക് പിഴുതുകകളിലെ ഇളവുകൾ സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നു; പരമാവധി ഇളവ് മുപ്പത്തഞ്ച് ശതമാനമാക്കി നിജപ്പെടുത്തും

featured GCC News

എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ 2023 ഫെബ്രുവരി 28-ന് ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.

എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ തുകകളിൽ നൽകുന്ന ഇളവുകളുടെ ശതമാനം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പിഴ തുകകൾ ഒടുക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കുന്നതിനായുമാണ് ഈ തീരുമാനം.

ഈ തീരുമാനം 2023 ഏപ്രിൽ 1 മുതൽ ഷാർജയിൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇത് പ്രകാരം, ട്രാഫിക് നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിനിടയിൽ പിഴതുകകൾ അടച്ച് തീർക്കുന്ന വ്യക്തികൾക്ക് പിഴതുകയിൽ 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. പിഴതുകകൾ, വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ, കാലതാമസം വരുത്തിയതിനുള്ള പിഴ തുടങ്ങിയവയ്‌ക്കെല്ലാം ഈ തീരുമാനം ബാധകമാണ്.

ട്രാഫിക് നിയമലംഘനം നടത്തിയ തീയതി മുതൽ അറുപത് ദിവസത്തിന് ശേഷവും ഒരു കൊല്ലത്തിനിടയിലും പിഴ ഒടുക്കുന്നവർക്ക് പിഴത്തുകയിൽ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കുന്നതാണ്. ഈ ഇളവ് പിഴതുകയ്ക്ക് മാത്രമാണ് അനുവദിക്കുന്നത്.

ഒരു വർഷത്തിന് ശേഷം പിഴതുകകൾ അടച്ച് തീർക്കുന്നവർക്ക് ഇളവുകൾ ലഭിക്കുന്നതല്ല. ഇത്തരം വ്യക്തികൾ പിഴതുകകൾ, വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തുകകൾ, കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട പിഴതുകകൾ എന്നിവ മുഴുവനുമായി അടച്ച് തീർക്കേണ്ടതാണ്.

ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴതുകകൾക്ക് ഇത്തരം ഇളവുകൾ ബാധകമല്ല.

WAM