പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന് (SHD) 2021 മാർച്ച് 20, ശനിയാഴ്ച്ച തുടക്കമായി. 29 രാജ്യങ്ങളിൽ നിന്നുള്ള തനതായ പാരമ്പര്യ രീതികളും, ആചാരങ്ങളും അടുത്തറിയുന്നതിനുള്ള അവസരമാണ് ഷാർജയിൽ നടക്കുന്ന ഈ ‘പൈതൃക കാഴ്ചകളുടെ ദിനങ്ങൾ’ ഒരുക്കുന്ന പ്രദർശനത്തിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.
പതിനെട്ടാമത് SHD 2021 മാർച്ച് 20 മുതൽ ഏപ്രിൽ 10 വരെയാണ് സംഘടിപ്പിക്കുന്നത്. മൂന്നാഴ്ച്ച നീണ്ട് നിൽക്കുന്ന ഈ പ്രദർശനം ഷാർജയിലെ ഹെറിറ്റേജ് ഏരിയയിലാണ് ഒരുക്കിയിട്ടുള്ളത്. കർശനമായ COVID-19 സുരക്ഷാ മുൻകരുതലുകളോടെ നടപ്പിലാക്കുന്ന ഈ പ്രദർശനത്തിൽ ഇത്തവണ ഏതാണ്ട് 500-ൽ പരം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
സന്ദർശകർക്ക് യു എ ഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് ഈ പ്രദർശനം അവസരം നൽകുന്നു. ഇതോടൊപ്പം മേളയിൽ പങ്കെടുക്കുന്ന 29 മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൈതൃക കാഴ്ച്ചകളും സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്. ‘സാംസ്‌കാരിക പൈതൃകം നമ്മെ ഒരുമിപ്പിക്കുന്നു’ എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഈ വർഷത്തെ മേള സംഘടിപ്പിച്ചിട്ടുള്ളത്.
ശനിയാഴ്ച്ച നടന്ന ഉദ്‌ഘാടന ചടങ്ങുകളുടെ ഭാഗമായി പരമ്പരാഗത എമിറാത്തി കലാരൂപങ്ങളും, നൃത്തങ്ങളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇതിന് പുറമെ, ബെലാറസ്, കസാഖിസ്ഥാൻ, ഇന്ത്യ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നടൻ കലാരൂപങ്ങളും മേളയുടെ ആരംഭദിവസത്തിന് മാറ്റ് കൂട്ടി. ഇന്ത്യയ്ക്ക് പുറമെ, ഈ വർഷം ബെലാറസ്, മാസിഡോണിയ, താജികിസ്താൻ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ, മാലിദ്വീപ്, യമൻ, ഈജിപ്ത്, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, സുഡാൻ, ലെബനൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും SHD-യിൽ പങ്കെടുക്കുന്നുണ്ട്. കലാരൂപങ്ങൾക്കും, പ്രദർശനങ്ങൾക്കും പുറമെ മേളയിൽ പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ, ധൂപം, എമിറാത്തി വസ്ത്രങ്ങൾ മുതലായവ ഒരുക്കിയിട്ടുള്ള 80-തോളം വാണിജ്യ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മേഖലയിലെ തനത് രുചികൾ ആസ്വദിക്കുന്നതിനായുള്ള ഭക്ഷണശാലകളും SHD-യുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മേളയിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തെർമൽ കാമറകളിലൂടെ ശരീരോഷ്മാവ് പരിശോധിക്കുന്നതുൾപ്പടെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മാസ്കുകൾ, സമൂഹ അകലം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവ നിർബന്ധമാണ്. ഓരോ 30 മിനിറ്റ് കൂടുമ്പോഴും ഹെറിറ്റേജ് വില്ലേജിൽ അണുനശീകരണ നടപടികൾ നടപ്പിലാക്കുന്നതാണ്. തിരക്കൊഴിവാക്കുന്നതിനായി പ്രവർത്തിദിനങ്ങളിൽ 3000 സന്ദർശകർക്കും, വാരാന്ത്യങ്ങളിൽ 6000 പേർക്കുമാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.