2023 മാർച്ച് 31 വരെ ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്ന് ഷാർജ പോലീസ്

featured GCC News

2023 മാർച്ച് 31 വരെയുള്ള കാലയളവിൽ എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഷാർജ പോലീസ് അറിയിച്ചു. 2023 മാർച്ച് 2-ന് വൈകീട്ടാണ് ഷാർജ പോലീസ് ഇക്കാര്യം അറിയിച്ചത്.

2023 ഏപ്രിൽ 1 മുതൽ എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതിനും, പിഴ തുകകളിൽ നൽകുന്ന ഇളവുകളുടെ ശതമാനം പരമാവധി 35 ശതമാനമാക്കി നിജപ്പെടുത്തുന്നതിനുമുള്ള ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷാർജ പോലീസ് ഇത്തരം ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

2023 ഏപ്രിൽ 1-ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഈ ഔദ്യോഗിക ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുൻപായി 2023 മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ എമിറേറ്റിലെ ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാർച്ച് 31 വരെയുള്ള കാലയളവിൽ ട്രാഫിക് പിഴ തുകകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുത്ത നടപടികളും, ചുമത്തിയിട്ടുള്ള ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കി നൽകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴതുകകൾക്ക് ഇത്തരം ഇളവുകൾ ബാധകമല്ലെന്ന് പോലീസ് കൂട്ടിച്ചേർത്തു. അലക്ഷ്യമായ ഡ്രൈവിംഗ്, മറ്റുള്ളവരുടെ ജീവന് അപകടം ഉണ്ടാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ്, റഡാറുകളിൽ പിടിക്കപ്പെട്ടിട്ടുള്ള അമിതവേഗം, സിഗ്നലുകളിൽ റെഡ് ലൈറ്റ് മറികടന്നതിന് ലഭിച്ചിട്ടുള്ള പിഴ തുടങ്ങിയവയ്ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

എമിറേറ്റിലെ ട്രാഫിക് പിഴുതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 28-ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിരുന്നു.

Cover Image: WAM.