ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. 2025 ഡിസംബർ 9-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
احذر التزييف الإلكتروني
— شرطة الشارقة (@ShjPolice) December 9, 2025
Beware of Digital Deception#شرطة_الشارقة#shj_police pic.twitter.com/NcniRy6Vj5
ഇത്തരം തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളിൽ വഞ്ചിതരാകുന്നവരുടെ എണ്ണം നാൾ തോറും ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ് ഷാർജ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്. യഥാർത്ഥം എന്ന് തോന്നുന്നതും എന്നാൽ കപടമായതുമായ ഇത്തരം ‘ഡീപ്ഫേക്ക്’ ഓഡിയോ, വീഡിയോ ഉള്ളടക്കങ്ങൾ ഇന്ന് യാതൊരു പ്രയത്നവുമില്ലാതെ നിർമ്മിക്കാനാകുന്നത് പൊതുജനങ്ങളെ കൂടുതൽ തട്ടിപ്പുകളിലേക്കും, ഓൺലൈൻ വഞ്ചനകളിലേക്കും നയിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ ശബ്ദം, രൂപം, ചലനങ്ങൾ എന്നിവ യഥാർത്ഥം എന്ന് തോന്നുന്ന രീതിയിൽ പുനർനിർമ്മിക്കാനാകുമെന്നത് ഏറെ ജാഗ്രതയോടെ സമീപിക്കേണ്ട ഒരു വിഷയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഷാർജ പോലീസ് മീഡിയ ആൻഡ് അവെയർനെസ്സ് വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ ഇബ്രാഹിം അൽ മിദ്ഫ, ക്യാപ്റ്റൻ സൗദ് ബൗസിം എന്നിവർ വ്യക്തമാക്കി.
ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഇലക്ട്രോണിക് തട്ടിപ്പുകൾക്കായുള്ള ഒരു ഉപകരണം എന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ശബ്ദസന്ദേശങ്ങൾ തുടങ്ങിയവ പണം അപഹരിക്കുന്നതിനും, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനും കാരണമാകുന്നതായി പോലീസ് കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ പൊതുജനങ്ങൾ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതും, ആധികാരികത ഉറപ്പില്ലാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതുമാണ്.
എ ഐ സോഫ്റ്റ്വെയറുകളുടെ വളരെ വേഗത്തിലുള്ള പുരോഗതി ഡീപ്ഫേക്ക് സാങ്കേതികവിദ്യയെ അതിവേഗം മുന്നോട്ട് നയിക്കുന്നതായും, ഇത് യഥാർത്ഥ വ്യക്തികളുടെ ശബ്ദം, രൂപം എന്നിവ ഉയർന്ന കൃത്യതയോടെ പകർത്തുന്നതിന് വഴിതെളിക്കുന്നതായും യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇടയാക്കുമെന്നും, സമൂഹത്തിൽ തെറ്റായതും, ഹാനികരമായതുമായ വിവരങ്ങൾ പ്രചരിക്കുന്നതിന് കാരണമാകുന്നതാണ്.
Cover Image: Pixabay.

