സ്പെയിനിലെ എൽ എസ്കോറിയാൽ ലൈബ്രറിയിൽ നിന്നുള്ള അപൂര്‍വ്വമായ കൈയെഴുത്തുപ്രതികളുടെ പ്രദർശനം 2023 ഏപ്രിൽ 2-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. 2023 ഏപ്രിൽ 2 മുതൽ ഏപ്രിൽ 9 വരെ ഷാർജയിൽ വെച്ചാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
അതിപ്രശസ്തമായ എൽ എസ്കോറിയാൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവമായ നിരവധി പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, മാപ്പുകൾ, ചരിത്രരേഖകൾ മുതലായവ ഉൾപ്പെടുത്തിയാണ് ഷാർജ ബുക്ക് അതോറിറ്റി ഈ പ്രദർശനം ഒരുക്കുന്നത്.
ഷാർജ ബുക്ക് അതോറിറ്റി, സ്പാനിഷ് ഹിസ്റ്റോറിക്കൽ ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കുന്നത്.
ഇവയിൽ പല കൈയെഴുത്തുപ്രതികളും ആദ്യമായാണ് സ്പെയിനിനു പുറത്ത് ഒരു രാജ്യത്ത് പ്രദർശിപ്പിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിനും, പതിനാറാം നൂറ്റാണ്ടിനും ഇടയിൽ രചിച്ച പതിനാലോളം അത്യപൂർവമായ കൈയെഴുത്തുപ്രതികൾ ഈ പ്രദർശനത്തിന്റെ ഭാഗമാണ്.
അറബ് ചരിത്രകാരൻ അബു അബ്ദുല്ല അൽ ബക്രി പതിനൊന്നാം നൂറ്റാണ്ടിൽ രചിച്ച ‘ബുക്ക് ഓഫ് റോഡ്സ് ആൻഡ് കിംഗ്ഡംസിന്റെ’ (കിതാബ് അൽ മസാലിക് വാൽ മമാലിക്) പതിമൂന്നാം നൂറ്റാണ്ടിൽ നിന്നുള്ള കൈയെഴുത്തു പകര്‍പ്പാണ് ഈ പ്രദർശനത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥം.
തത്ത്വജ്ഞാനം, ചരിത്രം, ഭൂമിശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം മുതലായ ശാസ്ത്ര, വിജ്ഞാന മേഖലകളിൽ രചിച്ച നിരവധി പുസ്തകങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM