ദുബായ്: ഷിൻഡഗ ടണൽ മാർച്ച് 13-ന് തുറന്ന് കൊടുക്കുമെന്ന് RTA

featured GCC News

ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ അൽ ഷിൻഡഗ ടണലിലൂടെയുള്ള ഗതാഗതം 2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2022 മാർച്ച് 10-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇൻഫിനിറ്റി പാലത്തെയും അൽ ഷിൻഡഗ ടണലിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാതോടെയാണ് ടണലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നത്. 2022 ജനുവരി 16 മുതൽ രണ്ട് മാസത്തേക്ക്, ദെയ്‌റയിൽ നിന്ന് ബർ ദുബായിലേക്ക് സഞ്ചരിക്കുന്ന ദിശയിൽ, അൽ ഷിൻഡഗ ടണലിലൂടെയുള്ള ഗതാഗതം RTA നിർത്തലാക്കിയിരുന്നു.

ഷിൻഡഗ കോറിഡോറിലെ പുതിയ പാലങ്ങളുമായി ടണലിനെ ബന്ധിപ്പിച്ചിരിക്കുന്നത് ഈ മേഖലയിലെ ട്രാഫിക് സുഗമമാക്കുമെന്നും, ടണലിലൂടെയുള്ള ഗതാഗത ശേഷി മണിക്കൂറിൽ 3000 വാഹനങ്ങൾ എന്ന രീതിയിലേക്ക് ഉയർത്തുമെന്നും RTA വ്യക്തമാക്കി. ഷിൻഡഗ കോറിഡോറിലൂടെയുള്ള ഗതാഗതം മണിക്കൂറിൽ 15000 വാഹനങ്ങൾ എന്ന രീതിയിലേക്ക് ഉയർത്തുന്നതിനും ഈ നടപടി സഹായകമാകുന്നതാണ്.

ഷിൻഡഗ ടണൽ തുറക്കുന്നതോടെ ദെയ്‌റ മേഖലയിൽ നിന്ന് ബർ ദുബായിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ദിശാസൂചികകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതായും RTA വ്യക്തമാക്കിയിട്ടുണ്ട്. വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാനും, ദിശാസൂചികകളിൽ വരുത്തിയിട്ടുള്ള താഴെ പറയുന്ന മാറ്റങ്ങൾ കൃത്യമായി പിന്തുടരാനും RTA ഡ്രൈവർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്:

  • ഫാൽക്കൺ ജംഗ്ഷനിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ പാലത്തിലെ (BR2) 2 വരി എക്സിറ്റിൽ നിന്ന് വലത്തോട്ട് തിരിയേണ്ടതാണ്.
  • ജുമേയ്‌റയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ പാലത്തിലെ (BR1) ഒറ്റ വരി എക്സിറ്റിൽ നിന്ന് ഇടത്തോട്ട് തിരിയേണ്ടതും, തുടർന്ന് ഫാൽക്കൺ ജംഗ്ഷനിലേക്ക് നോർത്തേൺ ബ്രിഡ്ജിലെ 3 വരി പാത ഉപയോഗിച്ച് ജുമേയ്‌റ ദിശയിൽ യാത്ര തുടരേണ്ടതുമാണ്.
  • ഷിൻഡഗ ടണലിനു മുകളിലെ റൌണ്ട് അബൗട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇൻഫിറ്റി പാലത്തിലേക്കുള്ള ഏറ്റവും വലത്ത്‌ വശത്തുള്ള ഫ്രീ ലെയിൻ ഉപയോഗിച്ചോ, അല്ലെങ്കിൽ BR2 പാലത്തിലൂടെ ഫാൽക്കൺ ജംഗ്ഷൻ ദിശയിൽ ബർ ദുബായ്, ജുമേയ്‌റ എന്നീ ഇടങ്ങളിലേക്ക് സഞ്ചരിക്കേണ്ടതാണ്.
  • അൽ മംസാർ, അൽ ഖലീജ് സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖട്ടബ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഇൻഫിനിറ്റി പാലത്തിലൂടെയോ, ഷിൻഡഗ ടണലിലൂടെയോ ബർ ദുബായ്, ജുമേയ്‌റ എന്നീ ഇടങ്ങളിലേക്ക് സഞ്ചരിക്കേണ്ടതാണ്.
  • പാം ദെയ്‌റ മെട്രോ സ്റ്റേഷൻ, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കോർണിഷ് സ്ട്രീറ്റിലൂടെ ഇൻഫിനിറ്റി പാലത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.