യാത്രാ വിമാന സർവീസുകൾക്കായി മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ ഉപയോഗിച്ച് തുടങ്ങിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2024 മെയ് 16 മുതലാണ് മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പ്രവർത്തനമാരംഭിച്ചത്.
മസ്കറ്റ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗത്തേൺ റൺവേ, ടാക്സിവേ എന്നിവയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. ഈ റൺവേ പ്രവർത്തനമാരംഭിച്ചതോടെ ഒമാനിലെ ആഭ്യന്തര, അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സൗത്തേൺ റൺവേ പ്രവർത്തനമാരംഭിച്ചതോടെ വ്യോമയാന സേവനങ്ങളുടെ എണ്ണം ഉയരുന്നതിനും, കൂടുതൽ സുഗമമായ ടേക്ക്-ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും സാധിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. A380 ഉൾപ്പടെയുള്ള എല്ലാ തരം വിമാനങ്ങളെയും ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് മസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ പുനർനിർമ്മിച്ചിരിക്കുന്നത്
സൗത്തേൺ റൺവേയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി 2023 ഒക്ടോബർ 30-ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ടായിരുന്നു.
തുടർന്ന് ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങൾ ലഭിക്കുന്നതിനായുള്ള പരിശോധനകൾ സൗത്തേൺ റൺവേയിൽ നടന്ന് വരികയായിരുന്നു.
Cover Image: Oman News Agency.