യു എ ഇ നാഷണൽ ഡേ 2023: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

featured UAE

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു. 2023 നവംബർ 23-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തെ യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി 2023 നവംബർ 22 മുതൽ ഡിസംബർ 3 വരെ ഷാർജയിലെ പ്രധാനപ്പെട്ട ടൂറിസം, സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. എമിറേറ്റിലെ പൗരന്മാരെയും, പ്രവാസികളെയും, സന്ദർശകരെയും ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ രീതിയിലായിരിക്കും ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

Source: WAM.

ഷാർജ നാഷണൽ പാർക്ക്, മെലീഹ പബ്ലിക് പാർക്ക്, അൽ ഹൊസൻ ഐലൻഡ്, ദിബാ അൽ ഹിസ്ൻ, ഖോർഫക്കാൻ ആംഫിതീയറ്റർ, സൂഖ് ഷർഖ്, വാദി അൽ ഹേലോ, അൽ ബത്തേഹ്, അൽ മുദം, അൽ ദൈദ് ഫോർട്ട്, അൽ ഹംരിയയിലെ ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ഇടങ്ങളിലാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. നാഷണൽ ആർട്ട് എക്സിബിഷനുകൾ, പരമ്പരാഗത കലാരൂപങ്ങൾ, സാംസ്‌കാരിക പ്രദർശനങ്ങൾ, വിനോദ പരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.

ഷാർജ നാഷണൽ പാർക്കിൽ നടക്കുന്ന പ്രധാന പരിപാടികൾ നവംബർ 28-ന് ആരംഭിക്കുന്നതാണ്. ഇത് ഡിസംബർ 3 വരെ നീണ്ട് നിൽക്കും.