ഷാർജ: പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽ‌സ് തീരുവ ഇനത്തിൽ ഈടാക്കാനുള്ള തീരുമാനം ഷാർജയിൽ പ്രാബല്യത്തിൽ വന്നു. 2022 ഒക്ടോബർ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നത്.

ഇത്തരം ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുന്നതിന്റെ പ്രാരംഭ നടപടി എന്ന രീതിയിലാണ് ഇവയുടെ ഉപയോഗത്തിന് ഈ വർഷം ഒക്ടോബർ 1 മുതൽ പ്രത്യേക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം.

2022 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽ‌സ് ഈടാക്കാൻ തീരുമാനിച്ച് കൊണ്ട് ഓഗസ്റ്റ് 23-ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും, പ്രകൃതി സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം.

2024 ജനുവരി 1 മുതൽ ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വില്പന, നിർമ്മാണം, ഇറക്കുമതി എന്നിവ നിരോധിക്കുന്നതാണ്. ഇവയ്ക്ക് പകരമായി പരിസ്ഥിതി-സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും, ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബാഗുകൾ ഏർപ്പെടുത്തുന്നതാണ്.