ദുബായ്: ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽ‌സ് ഈടാക്കും

UAE

2022 ജൂലൈ 1 മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത രണ്ട് വർഷത്തിനിടയിൽ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് ദുബായിൽ പൂർണ്ണ വിലക്കേർപ്പെടുത്തുന്നതിന്റെ പ്രാരംഭനടപടിയായാണ് ഈ തീരുമാനം.

വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൊണ്ട് പോകുന്നതിനായി ഉപയോഗിക്കുന്ന, 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ 25 ഫിൽസ് ചാർജ്ജ് ഈടാക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണ തോത് കുറയ്ക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ദുബായ് ലക്ഷ്യമിടുന്നത്.

57 മൈക്രോണിൽ താഴെ കനമുള്ള പേപ്പർ, ബയോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോ-ഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവയാൽ നിർമ്മിച്ചിട്ടുളള ബാഗുകൾക്കും ഈ ചാർജ്ജ് ഈടാക്കുന്നതാണ്. 2022 ജൂലൈ 1 മുതൽ ഇത്തരം ബാഗുകൾ പൂർണ്ണമായി നിരോധിക്കപ്പെടുന്ന അടുത്ത രണ്ട് വർഷത്തെ കാലയളവിൽ ഈ ചാർജ്ജ് ബാധകമാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു.