യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരമുള്ള പിഴതുകകൾ, തടവ് ശിക്ഷ എന്നിവ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ ട്രാഫിക് നിയമപ്രകാരം യു എ ഇയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അപകടം വരുത്തുക, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് കൊണ്ട് വാഹനമോടിക്കുന്നതിനിടയിൽ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുക, അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുക, വാഹനാപകടം ഉണ്ടാക്കിയ ശേഷം അപകടസ്ഥലത്തു നിന്ന് കടന്ന് കളയുക എന്നിവ ഉൾപ്പടെയുള്ള ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.
യു എ ഇയിൽ ഈ പുതിയ നിയമപ്രകാരം ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്:
- റോഡ് മുറിച്ച് കടക്കുന്നതിന് അനുമതി ഇല്ലാത്ത ഇടങ്ങളിൽ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുന്നവർക്ക്, ഈ പ്രവർത്തി റോഡ് അപകടത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ തടവ്, അയ്യായിരം മുതൽ പതിനായിരം ദിർഹം വരെ പിഴ എന്നിവ ചുമത്തുന്നതാണ്.
- ലൈസൻസ് പ്ലേറ്റുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് തടവ്, പരമാവധി 20000 ദിർഹം പിഴ.
- മദ്യലഹരിയിൽ വാഹനമോടിക്കുന്നവർക്കും, വാഹനമോടിക്കാൻ ശ്രമിക്കുന്നവർക്കും തടവ്, 20000 മുതൽ ഒരുലക്ഷം ദിർഹം വരെ പിഴ.
- മയക്കുമരുന്ന്, മറ്റു ലഹരിപദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കും, വാഹനമോടിക്കാൻ ശ്രമിക്കുന്നവർക്കും തടവ്, 30000 മുതൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ.
- റദ്ദാക്കപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് 3 മാസം വരെ തടവ്, 10000 ദിർഹം പിഴ.
- വാഹനാപകടം ഉണ്ടാക്കിയ ശേഷം അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകാതെ അപകടസ്ഥലത്തു നിന്ന് കടന്ന് കളയുന്നവർക്ക് ഒരു വർഷം വരെ തടവ്, അമ്പതിനായിരം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ.
- അലക്ഷ്യമായി വാഹനമോടിക്കുന്നതിനിടയിൽ മറ്റൊരാളുടെ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് തടവ്, ചുരുങ്ങിയത് അമ്പതിനായിരം ദിർഹം പിഴ. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിലൂടെ വെള്ളപൊക്കം ഉള്ള സമയങ്ങളിൽ വാഹനം ഓടിക്കുക തുടങ്ങിയ പ്രകോപനകരമായ പ്രവർത്തികളുടെ ഭാഗമായാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതെങ്കിൽ, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഒരു വർഷം തടവ്, ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴ.
രാജ്യത്ത് ഏതാനം പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതായി യു എ ഇ സർക്കാർ 2024 ഒക്ടോബർ 25-ന് പ്രഖ്യാപിച്ചിരുന്നു.
ആഗോള തലത്തിൽ ഗതാഗത മേഖലയിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നത്.
WAM